ഭൂമിശാസ്ത്രം

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖയില്‍ വരുന്ന ഏലംകുളം പഞ്ചായത്തിനെ മലനിരപ്പ്, കുത്തനെ  ചെരിവ്, താഴ്വാരം, ഉയര്‍ന്ന പീഠഭൂമി, ചെറിയചെരിവ്, സമതലം, വെള്ളംകയറുന്ന മേഖല എന്നിങ്ങനെ ഏഴായി തിരിക്കാം. കുന്നിന്‍മുകളിലും ചെരിവുകളിലും ഉയര്‍ന്ന പീഠഭൂമിയിലും കരിങ്കല്ലു നിക്ഷേപം ധാരാളമായി ഉണ്ട്. സമതലങ്ങളിലെ പാടശേഖരങ്ങളില്‍ കളിമണ്ണാണ് കൂടുതലായി കാണുന്നത്. മൂന്ന് ഭാഗം പുഴയാലും ഒരു ഭാഗം കുന്നുകളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഈ ഗ്രാമത്തില്‍, ആദ്യകാലത്ത് പഞ്ചായത്തിലെ ജനതയുടെ മുഖ്യ ജീവിതോപാധി കൃഷിയും  അതുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലകളുമായിരുന്നു. നെല്ല്, തെങ്ങ്, കവുങ്ങ്, റബ്ബര്‍, വാഴ, മരച്ചീനി, കുരുമുളക്, പച്ചക്കറികള്‍ എന്നിവയാണ് ഇന്ന് കൃഷിചെയ്തു വരുന്ന പ്രധാന വിളകള്‍. കുന്തിപുഴയും, 5 പൊതു കുളങ്ങളും, നിരവധി തോടുകളുമാണ് പഞ്ചായത്തിലെ ജലസ്രോതസ്സുകള്‍. ചേലാമല, കോട്ടപ്പറമ്പ്, പെരുമ്പറമ്പ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കുന്നുകള്‍. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള രാമഞ്ചാടി കനാല്‍ ഈ പ്രദേശത്തിന്റെ കാര്‍ഷിക മേഖലയുടെ നിലനില്‍പിനും പുരോഗതിക്കും അത്യാവശ്യമാണ്